കൊച്ചി ഇക്കണോമിക് സിറ്റി


കേരള സർക്കാരിന്റെ 2019-2020 ലെ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാനകരമായ പദ്ധതിയായ കൊച്ചി ഇക്കണോമിക് സിറ്റി പദ്ധതി ഏറ്റെടുക്കാൻ ജിസിഡിഎയെ ചുമതലപ്പെടുത്തി. ജിസി‌ഡി‌എയുടെ അധികാരപരിധിയിലുള്ള മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന സാറ്റ്ലൈറ്റ് ടൗൺ‌ഷിപ്പുകൾ വികസിപ്പിക്കാനായിരുന്നു പദ്ധതി. ആയതനുസരിച്ച്‌, എഞ്ചിനീയറിംഗ് കോളേജുകളുടെ സഹായത്തോടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിനുശേഷം 3/12/2019 തിയ്യതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഒരു മീറ്റിംഗ് നടത്തുകയും ജിസി‌ഡി‌എ ഉദ്യോഗസ്ഥർ ഒരു ആശയാവതരണം നടത്തുകയും പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാനായി സർക്കാർ ഉത്തരവിടുകയും ചെയ്തു. സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരം, തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ ജിസി‌ഡി‌എ ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിടെക്ചർ & പ്ലാനിംഗുമായി സഹകരിച്ചു കൊണ്ട് പ്രാഥമിക സാമൂഹിക-സാമ്പത്തിക സർവേയും ഭൂവിനിയോഗ സർവേയും നടത്താൻ അവരെ ചുമതലപ്പെടുത്തി.

തുടക്കത്തിൽ പത്ത് സ്ഥലങ്ങൾ കണ്ടെത്തുകയും ശേഷം ലൊക്കേഷൻ, ഭാവിയിലെ നഗരവികസന ദിശ, ഭൂമിയുടെ ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഒഴിവാക്കലുകൾ കഴിഞ്ഞ് വിശദമായ പഠനത്തിനായി നാല് സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ നാല് സ്ഥലങ്ങൾ മുൻഗണനാ ക്രമപ്പെടുത്തുന്നതിനായി 24 ഘടകങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ സ്ഥലപരിശോധനയിൽ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സ്‌കോറുകൾ‌ നൽ‌കുകയും സ്ഥലങ്ങളെ മുൻഗണനാ ക്രമപ്പെടുത്തുകയും ചെയ്‌തു. അത്താണിയിൽ ദേശീയ പാത 544 ന് സമീപം നെടുംമ്പാശ്ശേരി, ചെങ്ങാമനാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 1100 ഏക്കർ വിസ്തൃതിയുള്ള സ്ഥലമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.

2020 മാർച്ച് 15 നും മാർച്ച് 30 നും ഇടയിലായി സാമൂഹിക-സാമ്പത്തിക സർവേയും ലാൻ‌ഡ് യൂസ് സർവേയും നടത്താൻ ഗവ. എഞ്ചിനീയറിംഗ് കോളേജ് തീരുമാനിച്ചെങ്കിലും കോവിഡ് -19 പകർച്ചവ്യാധിയുടെ ഭാഗമായി സർക്കാർ ലോക്ക്ഡൗൺ നടപ്പാക്കുകയും ചെയ്തതിനാൽ സർവേ പ്രവർത്തികൾ ചെയ്യാൻ സാധിച്ചില്ല.

ആലുവക്ക് അടുത്തായി ദേശീയ പാതക്ക് സമീപം 220 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ആഗോള വ്യാവസായിക ധനകാര്യ വാണിജ്യ (ഗിഫ്റ്റ് നഗരം) നഗരം വികസിപ്പിക്കുന്നതിനായി കേരള സർക്കാർ ഭരണപരമായ അനുമതി നൽകിയതായും ഭൂമി ഏറ്റെടുക്കുന്നതിന് 540 കോടി രൂപ അനുവദിച്ചതായും പിന്നീട് പത്രമാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിച്ചു. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ആരംഭിക്കുന്ന 1600 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നാഷ്ണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (NICDIT) അംഗീകാരം ലഭിച്ചതായും അറിയുന്നു.

ജിസി‌ഡിഎ നിർദ്ദേശിച്ച കൊച്ചി ഇക്കണോമിക് സിറ്റി പദ്ധതിയുടെയും ഗിഫ്റ്റ് സിറ്റി പദ്ധതിയുടെയും ഉദ്ദേശ്യവും ലക്ഷ്യങ്ങളും ഒന്നാണെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ, കെഇസി പദ്ധതിയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും പുന:ക്രമീകരിക്കുന്നതിന് നയപരമായ തീരുമാനങ്ങൾ ആവശ്യമാണ്.