വിഭാഗങ്ങൾ

ഘടനാപരമായ സജ്ജീകരണം

ഭരണപരമായ സൗകര്യാർത്ഥം അതോറിറ്റിയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഭരണവിഭാഗം

ജിസിഡിഎയുടെ കൃത്യനിർവഹണം ശരിയാംവിധം നടപ്പിലാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന വകുപ്പായി ഭരണവിഭാഗം പ്രവർത്തിക്കുന്നു. ജിസിഡിഎയുടെ പൊതുവായ മേൽനോട്ടം നിർവഹിക്കുന്നതും നിയന്ത്രണവും അച്ചടക്കവും നടപ്പിലാക്കുന്നതും ഈ വിഭാഗമാണ്. ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്. ജിസിഡിഎയുടെ ഭരണ കൃത്യനിർവഹണ വിഷയങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കൗൺസിൽ മുമ്പാകെ വയ്ക്കുന്നതിന് തയ്യാറാക്കുന്നതും ഈ വകുപ്പിന്റെ ചുമതലയാണ്. നിയമന, പൊതുഭരണ വിഭാഗങ്ങൾ, ഓഫീസ് വിഭാഗം, തപാൽ വിഭാഗം, റെക്കോർഡ് വിഭാഗം, ലൈബ്രറി തുടങ്ങിയവ ഭരണവിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്നു.

ജിസിഡിഎയുമായി ബന്ധപ്പെട്ട കേസുകൾ, കോടതി വ്യവഹാരങ്ങൾ (ഭൂമി സംബന്ധമായവ ഒഴികെ) കൈകാര്യം ചെയ്യുന്നതിനുള്ള നിയമവിഭാഗം ഭരണവിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്നു.

എസ്റ്റേറ്റ് വിഭാഗം

ഭൂമികൾ, കെട്ടിടങ്ങൾ ഉൾപ്പടെ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുകളും സംരക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും എസ്റ്റേറ്റ് വിഭാഗമാണ്. ഭൂമികൾ, ഭവനങ്ങൾ, കടമുറികൾ, ഓഫീസ് മുറികൾ എന്നിവ അനുവദിക്കൽ/വിൽക്കുന്നത്, മൈതാനങ്ങൾ/സ്റ്റേഡിയങ്ങൾ ഉപയോഗങ്ങൾക്ക് അനുവദിക്കൽ, ഏറ്റെടുത്ത ഭൂമി കൈവശപ്പെടുത്തുന്ന നടപടികൾ ചെയ്യുന്നത് തുടങ്ങിയവയാണ് ഈ വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ കുടികിടപ്പു ഭൂമി പതിച്ചു നൽകൽ, പരസ്പരകൈമാറ്റ ധാരണ പ്രകാരവും ചർച്ചകളിലൂടെ വില നിശ്ചയിച്ചും ഭൂമി ഏറ്റെടുക്കൽ, കുടികിടപ്പുകാർക്കും ചെറു ഭൂവുടമകൾക്കും പുനരധിവാസത്തിനായി ഭൂമി നൽകൽ, ജിസിഡിഎ ഏറ്റെടുത്ത ഭൂമിയുടെ പരിവർത്തനം എന്നിവയും എസ്റ്റേറ്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഫയൽ ചെയ്യുന്ന എൽ.എ.ആർ/എൽ.എ.എ കേസുകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതും ഈ വിഭാഗത്തിന്റെ ഉത്തരവാദിത്വമാണ്.

ആസൂത്രണവിഭാഗം

ആസൂത്രണവിഭാഗം സീനിയർ ടൗൺ പ്ലാനറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. ഈ വകുപ്പിന്റെ പൊതുഭരണം കൈകാര്യം ചെയ്യുന്നത് സെക്ഷൻ സൂപ്രണ്ടാണ്. കെട്ടിട പദ്ധതികളുടെ ഡ്രോയിംഗുകൾ സൂക്ഷ്മപരിശോധന നടത്തുന്നത്, പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കൽ, പുതിയ സ്കീമുകളും പദ്ധതികളും കണ്ടെത്തൽ, എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഉൾപ്പടെ രൂപകൽപ്പന ഡോയിംഗുകൾ തയ്യാറാക്കൽ, പാർക്കുകളുടെയും മൈതാനങ്ങളുടെയും ലാൻഡ്സ്കേപ്പ് ഡിസൈൻ തയ്യാറാക്കൽ, തദ്ദേശസ്ഥാപനങ്ങൾക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശം നൽകുക, ഗ്രേറ്റർ കൊച്ചി പ്രദേശത്തിന് ബാധകമായ പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ആസൂത്രണവിഭാഗം സജീവമായി ഏർപ്പെടുന്നു. കൂടാതെ ജിസിഡിഎയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റ് ജോലികളും ഈ വകുപ്പിൽ കൈകാര്യം ചെയ്യുന്നു. ടൗൺ പ്ലാനിംഗ് വകുപ്പ്/കോർപ്പറേഷൻ/മുനിസിപ്പാലിറ്റികൾ/പഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെ വിശാല കൊച്ചി പ്രദേശത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പദ്ധതിക്കായി ആസൂത്രണവിഭാഗം ശ്രമങ്ങൾ നടത്തുന്നു. നഗരാസൂത്രണ പദ്ധതികളിൽ ട്രാൻസ്ഫറബിൾ ഡവലപ്മെന്റ് റൈറ്റ് (ടി.ഡി.ആർ)/ അക്കോമഡേഷൻ റിസർവേഷൻ/ ലാൻഡ് പൂളിംഗ് തുടങ്ങിയ നവീന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ആസൂത്രണവിഭാഗം ശ്രമം നടത്തുന്നു.

കെട്ടിടപദ്ധതികളുടെ ഡ്രോയിംഗ് സൂക്ഷ്മപരിശോധനയും (നിലവിൽ മറൈൻ ഡ്രൈവ്, റോഡ് കമ്മിറ്റിക്ക് മുമ്പാകെ വെക്കുന്നതിനുള്ള ബിൽഡിംഗ് ആപ്ലിക്കേഷനുകൾ) ജിസിഡിഎയുടെ ആസൂത്രണവിഭാഗം ചെയ്യുന്നു. കൂടാതെ ഭൂമി ഇടപാടുകൾക്കും വികസനപ്രവർത്തനങ്ങൾക്കും നിരാക്ഷേപസാക്ഷ്യപത്രം നൽകുന്നതും ഈ വിഭാഗമാണ്. ഭൂമിയുടെ സർവ്വേയും ലേഔട്ട് തയ്യാറാക്കുന്ന പ്രവർത്തനവും ഈ വിഭാഗം കൈകാര്യം ചെയ്യുന്നു.

എഞ്ചിനീയറിംഗ് വിഭാഗം

എഞ്ചിനീയറിംഗ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നിയന്ത്രണത്തിലും മാർഗ്ഗനിർദ്ദേശത്തിലുമാണ് പ്രവർത്തിക്കുന്നു. ഈ വകുപ്പിന്റെ പൊതുഭരണം കൈകാര്യം ചെയ്യുന്നത് സെക്ഷൻ സൂപ്രണ്ടാണ്. ഒരു ഹെഡ് ഡ്രാഫ്റ്റ്സ്മാന്റെ കീഴിൽ ഡ്രോയിംഗ് ബ്രാഞ്ചും ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിൽ മെറ്റീരിയൽ ടെസ്റ്റിംഗ് ലാബും പ്രവർത്തിക്കുന്നു. ആസൂത്രണവിഭാഗം വിഭാവനം ചെയ്യുന്നതും രൂപീകരിക്കുന്നതുമായ ജിസിഡിഎയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് എഞ്ചിനീയറിംഗ് വിഭാഗമാണ്.

ഫിനാൻസ് & അക്കൗണ്ട്സ് വിഭാഗം

അതോറിറ്റിക്ക് ആവശ്യമായ ഫണ്ടുകൾ സർക്കാരിൽ നിന്നും ബാങ്കുകൾ, ഹഡ്കോ, KURDFC തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വരൂപീക്കുന്നതിന് ഫിനാൻസ് & അക്കൗണ്ട്സ് വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. ജിസിഡിഎയുടെ വാർഷിക ബജറ്റിൽ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി അതോറിറ്റിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. വിവിധ വാണിജ്യ കെട്ടിടങ്ങൾ/ഭൂമികൾ നിന്നുള്ള വാടക, ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവുകൾ, മെച്ചപ്പെട്ട ഭൂവിനിയോഗത്തിൽ നിന്നുള്ള അദായം, വിവിധ ഭവനപദ്ധതികളുടെ പ്രതിമാസ തിരിച്ചടവ്, വിവിധ പദ്ധതികളിലായി പ്ലോട്ടുകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം, സെന്റേജ് ചാർജ്ജുകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ തുടങ്ങിയവയാണ് അതോറിറ്റിയുടെ പ്രധാന വരുമാനമാർഗ്ഗം.

കടകളുടെയും മറ്റ് വാണിജ്യ ഇടങ്ങളുടെയും വാടക ശേഖരണം, ഭവനപദ്ധതികളിലുള്ള തിരിച്ചടവ്, ഭവനവായ്പങ്ങളുടെ ഗഡു ശേഖരണം തുടങ്ങിയവയിൽ വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റവന്യൂ, ലോൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ 3 സെക്ഷൻ സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ രൂപീകരിച്ചു. വിവിധ ഭവനപദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഒരു പ്രത്യേക സെല്ലായി റവന്യു ക്ലോസിംഗ് സെൽ രണ്ട് സൂപ്രണ്ടുമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിക്കുകയും ചെയ്തു. മേൽ പറഞ്ഞ രണ്ട് വിഭാഗങ്ങളും റവന്യൂ ക്ലോസിംഗ് സെല്ലും ഫിനാൻസ് & അക്കൗണ്ട്സ് വിഭാഗത്തിന്റെ കീഴിലാണ് വരുന്നത്. ഈ വിഭാഗം ഒരു അക്കൗണ്ട്സ് ഓഫീസറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.