അംബേദ്കർ സ്റ്റേഡിയം സ്പോർട്സ് സിറ്റി


സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഉൾപ്പെടെ നിരവധി ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിരുന്നു ജി‌സി‌ഡി‌എയുടെ ഉടമസ്ഥതയിലുള്ള അംബേദ്‌കർ സ്റ്റേഡിയം. നഗരത്തിന്റെ വാണിജ്യപരമായ (CBD) ഒരു പ്രധാന സ്ഥലത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെങ്കിലും ഫലപ്രദമായി ഉപയോഗപ്പെടുത്താനായിട്ടില്ല. ശരിയായ ജല നിർഗമന സംവിധാനത്തിൻറെ അഭാവം മൂലവും സമീപത്തുള്ള പ്ലോട്ടുകൾ ഭൂനിരപ്പ് ഉയർന്നതിനാലും മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഈ അവസ്ഥ നിലവിലെ സ്റ്റേഡിയത്തിൻറെ ഘടന തകരാറിലാകുവാൻ കാരണമായി. നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കൊച്ചിയിലും പരിസരത്തുമുള്ള ആളുകളുടെ കായിക വിനോദത്തിനായി വർദ്ധിച്ച ആവശ്യവും ആരോഗ്യകരമായ സമൂഹം ഉറപ്പാക്കുന്നതും കണക്കിലെടുത്ത് അംബേദ്‌കർ സ്റ്റേഡിയത്തിൻറെ പുനർവികസനം ജിസിഡിഎയുടെ മുൻ‌ഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ലേട്ട്ഔട്ടിൽ ഉൾപ്പെട്ടിട്ടുള്ള നിർദ്ദിഷ്ട റിംഗ് റോഡിനായുള്ള സ്ഥലവും സ്റ്റേഡിയത്തിലെ നിലവിലെ ഗാലറിക്ക് താഴെ പ്രവർത്തിക്കുന്ന കടകൾ പുനരധിവസിപ്പിക്കുന്നതിനായി പുതുതായി നിർമ്മിച്ച വാണിജ്യ കെട്ടിട സ്ഥലവും ഒഴിവാക്കിയതിന് ശേഷമുള്ള 6.9 ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് പുനർവികസന പദ്ധതി ഉദ്ദേശിക്കുന്നത്.

നിർദ്ദിഷ്ട സ്പോർട്സ് സിറ്റിയിൽ ഫുട്ബോൾ കോർട്ട്, ഹോക്കി ഫീൽഡ്, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട്, നീന്തൽക്കുളം, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ് മുതലായവക്കുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഡോർമിറ്ററികൾ, ലോക്കറുകൾ, മെഡിക്കൽ റൂം, കഫറ്റീരിയ, അഡ്മിനിസ്ട്രേഷൻ ഓഫീസ് എന്നിവ ഉണ്ടായിരിക്കും. കുറഞ്ഞത് 100 കാറുകൾക്കും 10 ബസുകൾക്കുമുള്ള പാർക്കിംഗ് ഏരിയ സൗകര്യം സ്പോർട്സ് സിറ്റി പദ്ധതിയിൽ നൽകും. സാമൂഹ്യ സേവന രീതിയിൽ കായിക സൗകര്യം വികസിപ്പിക്കാനും നൽകാനും താൽപ്പര്യമുള്ള ഡവലപ്പർമാരിൽ നിന്ന് താൽപര്യപത്രം (EOI) ക്ഷണിക്കാൻ ജിസിഡിഎ പദ്ധതിയിടുന്നു. ഭൂമി പാട്ടത്തിന് നൽകാനുള്ള അനുമതിക്കായി പദ്ധതി വിശദ)oശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്, ആയത് സർക്കാർ പരിഗണയിലാണ്.